തിരുവനന്തപുരം: കേരളത്തിലെ എല്ലാ ലോവര്‍ പ്രൈമറി സ്‌കൂളുകളിലും അഞ്ചാം ക്ലാസ് വരെയും അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ എട്ടാം ക്‌ളാസ് വരെയും പഠിപ്പിക്കാന്‍ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ഉത്തരവ്. കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് അയല്‍പക്ക ദൂരപരിധിക്കുള്ളില്‍ സ്‌കൂളുകള്‍ സ്ഥാപിച്ചു നല്‍കണമെന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ ആറാം വകുപ്പ് പ്രകാരമാണ് കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനായി സർക്കാർ നടപടി സ്വീകരിക്കണം.
ഒന്നുമുതല്‍ അഞ്ചുവരെ ക്‌ളാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഒരു കിലോമീറ്ററിനുള്ളിലും ആറുമുതല്‍ എട്ടുവരെയുള്ള കുട്ടികള്‍ക്ക് മൂന്ന് കിലോമീറ്ററിനുള്ളിലും സ്‌കൂള്‍ സൗകര്യം ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നാണ് ചട്ടം അനുശാസിക്കുന്നത്. തിരുവനന്തപുരത്ത് പിന്നോക്കപ്രദേശമായ വാവോട്ട് നാലാം ക്ലാസിനു മുകളിലുള്ള കുട്ടികള്‍ക്ക് പഠിക്കാന്‍ നിയമം അനുശാസിക്കുന്ന ദൂരപരിധിയില്‍ സ്‌കൂള്‍ സൗകര്യം ഏര്‍പ്പാടാക്കണമെന്ന ആവശ്യം പരിഗണിക്കവെയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.