students

നാലായിരത്തിലേറെ സ്‌കൂളുകളിൽ ഇ-ലേണിങ് നടപ്പിലാക്കാൻ കേരള സർക്കാർ 

Newsdesk | Friday, October 19, 2018 3:39 PM IST

തിരുവനന്തപുരം: അധ്യാപക സമൂഹത്തെ ശാക്തീകരിക്കാനും വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനും  ലക്ഷ്യമിട്ട്  സംസ്ഥാന സർക്കാർ ഖാൻ അക്കാദമി ഇന്ത്യയുമായി (കെ എ ഐ ) ധാരണാപത്രം ഒപ്പുവെച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇന്നലെ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും കെ ഐ ടി ഇ ചെയർമാനുമായ  ഉഷ ടൈറ്റസ്, കെ ഐ ടി ഇ എക്സിക്യൂട്ടീവ് ഡയറക്റ്റർ അൻവർ സാദത്ത്, ഹയർ സെക്കൻഡറി എജുക്കേഷൻ ഡയറക്റ്റർ സുധീർ ബാബു, ഖാൻ അക്കാദമി ഇന്ത്യ മാനേജിങ്  ഡയറക്റ്റർ സന്ദീപ് ബാപ്ന, കൺട്രി സ്ട്രാറ്റജിസ്റ്റ് മധു ശാലിനി എന്നിവർ സന്നിഹിതരായിരുന്നു.


സംസ്ഥാനത്തുടനീളമുള്ള വിദ്യാലയങ്ങളിലെ അധ്യാപകരുടെ ശാക്തീകരണത്തിനും മുഴുവൻ വിദ്യാർത്ഥികളുടെയും പഠന മികവിനും ഈ പങ്കാളിത്തം  കാരണമായിത്തീരും എന്നാണ് പ്രതീക്ഷ, ' അദ്ദേഹം പറഞ്ഞു.


സംസ്ഥാനത്തെ 4775 സർക്കാർ, എയ്ഡഡ്  സ്‌കൂളുകളിലെ  ഒരു ലക്ഷത്തോളം അധ്യാപകരും എട്ടാം ക്ലാസ്സുമുതൽ മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള  20 ലക്ഷത്തോളം  സയൻസ്, ഗണിത വിദ്യാർത്ഥികളും ഇതിൽ  ഭാഗഭാക്കാകും. ഈ വർഷം മുതൽ പദ്ധതി  നടപ്പിലാക്കി തുടങ്ങും. കരാറിന്റെ കാലാവധി അഞ്ചു വർഷമാണ്.
ഹൈടെക് സ്‌കൂൾ പദ്ധതി കുറേക്കൂടി കാര്യക്ഷമമാക്കാനും വ്യക്തിഗത പരിശീലനത്തിലൂടെ അധ്യാപനം  സുഗമമാക്കാനും പങ്കാളിത്തം പ്രയോജനപ്പെടുമെന്ന് കെ ഐ ടി ഇ എക്സിക്യൂട്ടീവ്  ഡയറക്റ്ററും വൈസ് ചെയർമാനുമായ അൻവർ സാദത്ത് അഭിപ്രായപ്പെട്ടു. ' ഏതാണ്ട് ഒരു വർഷക്കാലമായി ഖാൻ അക്കാദമിയുമായി യോജിച്ചുള്ള പ്രവർത്തനം തുടങ്ങിയിട്ട്. ആദ്യവർഷം 20 സ്‌കൂളുകളിൽ തുടങ്ങിവെയ്ക്കുന്ന പദ്ധതി പിന്നീട് സംസ്ഥാനത്തെ 4775 സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും. പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കിയും പരിശീലനം നൽകിയും വിദ്യാലയങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകും. ഗുണഫലങ്ങൾ വിലയിരുത്തി മുന്നോട്ടുപോകാനാണ് തീരുമാനം എന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്പറഞ്ഞു.


കെ ഐ ടി ഇ നടപ്പിലാക്കുന്ന ഹൈടെക് സ്‌കൂൾ പ്രൊജക്റ്റിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇതിനോടകം തന്നെ ബ്രോഡ് ബാൻഡ് കണക്റ്റിവിറ്റിയോടെ  ലാപ്ടോപ്പുകളും  പ്രൊജക്റ്ററുകളും  ഐ സി ടി ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, ഓൺലൈനിലൂടെ കണ്ടന്റും അധ്യാപകർക്ക് ലഭ്യമാക്കുന്ന 'സമഗ്ര' എന്ന പേരിലുള്ള ഒരു പോർട്ടലും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഖാൻ അക്കാദമിയുടെ വിഭവങ്ങൾ സമഗ്രയുമായി സമന്വയിപ്പിക്കും.  


ഈ വിഭവങ്ങളെ അടിസ്ഥാനമാക്കി 2018-2019 അക്കാദമിക് വർഷത്തിൽ സംസ്ഥാനത്തെ ഒരു ലക്ഷത്തോളം വരുന്ന അധ്യാപകർക്ക് പരിശീലനം നൽകാനാണ് തീരുമാനം. വ്യക്തിഗത പരിശീലനം സാധ്യമാക്കാനായി ആദ്യ വർഷം 20 സ്‌കൂളുകളിലെ ഐ സി ടി പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കെ ഐ ടി ഇ. 
ഓരോ തലത്തിലുമുള്ള വിദ്യാർത്ഥികൾക്ക് അനുയോജ്യമായ വിധത്തിൽ  പ്രശ്നോത്തരികൾ, ചോദ്യങ്ങൾ എന്നിവ വഴി പഠന നിലവാരം മെച്ചപ്പെടുത്തുകയാണ് ഉദ്ദേശ്യം.  കുട്ടികളുടെ പഠന പുരോഗതി അധ്യാപകർക്ക് അടിക്കടി വിലയിരുത്താനാവും. കുറവുകൾ അതിവേഗം നികത്താനും കഴിയും. ഓരോ വിദ്യാർത്ഥിയുടെയും കുറവുകൾ തിരിച്ചറിഞ്ഞു പരിഹരിക്കാനും മൊത്തത്തിലുള്ള ക്ലാസ്സ്  റൂം ചർച്ചകൾക്കും പ്രചോദനം നൽകും വിധത്തിലാണ് കണ്ടന്റ് വികസിപ്പിച്ചിട്ടുള്ളത്. ആദ്യ വർഷത്തെ അനുഭവത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട്  തുടർന്നുള്ള വർഷങ്ങളിൽ മെച്ചപ്പെട്ട രീതിയിൽ പദ്ധതി നടപ്പിലാക്കും. 


'അഞ്ചു വർഷം കൊണ്ട് സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും പദ്ധതി നടപ്പിലാക്കും എന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ അക്കാദമി അതീവ കൃതാർത്ഥരാണ്. അനായാസവും  കാര്യക്ഷമവുമായി പ്രവർത്തിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുന്നത് വഴി പഠന നിലവാരം മെച്ചപ്പെടുത്താനുള്ള  നിരന്തര ശ്രമമാണ് ഞങ്ങൾ നടത്തുന്നത്. കേരളത്തിന് പുറമെ നിരവധി സർക്കാരുകളും സ്‌കൂളുകളുമായി അക്കാദമിക്ക് പങ്കാളിത്തമുണ്ട്, ' ഖാൻ അക്കാദമി മാനേജിങ് ഡയറക്ടർ സന്ദീപ് ബാപ്ന പറഞ്ഞു.