സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്/ ഹോസ്റ്റല്‍ സ്റ്റൈപന്റിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്‌ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് 2018 -19 അധ്യയന വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിനാണ് അപേക്ഷ ക്ഷണിച്ചത്.
കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ലത്തീന്‍ ക്രിസ്ത്യന്‍/ പരിവര്‍ത്തിത ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്ക് 5,000 രൂപ വീതവും, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്ക് 6,000 രൂപ വീതവും, പ്രൊഫഷണല്‍ കോഴ്‌സ് വിദ്യാര്‍ത്ഥിനികള്‍ക്ക് 7,000 രൂപ വീതവും ഹോസ്റ്റല്‍ സ്റ്റൈപന്റ് ഇനത്തില്‍ 13,000 രൂപാ വീതവുമാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ ലഭിച്ച് സ്വാശ്രയ മെഡിക്കല്‍/എഞ്ചീനിയറിഗ് കോളേജുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിനിക്ക് സ്‌കോളര്‍ഷിപ്പ് അല്ലെങ്കില്‍ ഹോസ്റ്റല്‍ സ്റ്റൈപന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. ആദ്യ വര്‍ഷങ്ങളില്‍ അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്കും ഇപ്പോള്‍ പഠിക്കുന്ന വര്‍ഷത്തേയ്ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം. 80:20 (മുസ്ലീം : മറ്റു മത ന്യൂനപക്ഷങ്ങള്‍) എന്ന അനുപാതത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. കോളേജ് ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും, സ്ഥാപനമേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്റ്റൈപ്പന്റിനായി അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.
www.minoritywelfare.kerala.gov.in എന്ന വകുപ്പ് വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ അഞ്ച്. ഫോണ്‍: 0471 2300524