students

വിദ്യാർത്ഥികൾക്ക് മത്സരിക്കാനായി ഓഡിയോ വീഡിയോ മേള 

Newsdesk | Monday, October 22, 2018 12:15 PM IST

ഡൽഹിയിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷണൽ ടെക്‌നോളജി (സി.ഐ.ഇ.ടി.) നടത്തുന്ന കുട്ടികൾക്കുള്ള വിദ്യാഭ്യാസ സംബന്ധമായ ഓഡിയോ, വീഡിയോ ന്യൂ മീഡിയ ഐ.സി.ടി. പ്രോഗ്രാം മത്സരത്തിലേക്ക് അപേക്ഷിക്കാം. നാഷണൽ കൗൺസിൽ ഓഫ് എജുക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിങ്ങിന്റെ (എൻ.സി.ഇ.ആർ.ടി.) കീഴിൽലാണ് സി.ഐ.ഇ.ടി.
വിദ്യാഭ്യാസ മീഡിയ പ്രൊഫഷണലുകൾ, ട്രെയിനി അധ്യാപകർ, അധ്യാപക എജുക്കേറ്റർമാർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവരുടെ സൃഷ്ടിപരമായ ആവിഷ്‌കാര മികവ് വളർത്തുക എന്നതാണ്, മേളകൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രീപ്രൈമറി & പ്രൈമറി, അപ്പർ പ്രൈമറി, സെക്കൻഡറി, സീനിയർ സെക്കൻഡറി എന്നീ നാലു വിഭാഗങ്ങളിലെ വിദ്യാർഥികൾക്കും അവരുടെ അധ്യാപകർക്കും അനുയോജ്യമായതാകണം ഓഡിയോ-വീഡിയോ ന്യൂ മീഡിയ ഐ.സി.ടി. പ്രോഗ്രാം എൻട്രികൾ.
2018 ജനുവരി ഒന്നുമുതൽ 2018 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ നിർമിച്ചതോ വികസിപ്പിച്ചതോ ആയ പ്രോഗ്രാമായിരിക്കണം.ഓരോ കാറ്റഗറിയിലെയും മികച്ച ഓഡിയോ, വീഡിയോ, ന്യൂ മീഡിയ, ഐ.സി.ടി. പ്രോഗ്രാം എന്നിവയ്ക്ക് 20,000 രൂപമുതൽ 40,000 രൂപ വരെയുള്ള കാഷ് അവാർഡ് നൽകും. കൂടാതെ മികച്ച സ്‌ക്രിപ്റ്റ്, എഡിറ്റിങ്, വോയ്‌സ് ഓവർ, ക്യാമറാ വർക്ക്, സെറ്റ് ഡിസൈനിങ്, സൗണ്ട് റിക്കാർഡിങ്, ആനിമേഷൻ, ഗ്രാഫിക്സ്, ഡയറക്ഷൻ എന്നിവയ്ക്ക് പുരസ്‌കാരങ്ങൾ.

ഇതോടൊപ്പം സെക്കൻഡറി/സീനിയർ സെക്കൻഡറി തലത്തിലെ വിദ്യാർഥികളുടെ മത്സരവും ഉണ്ടാകും. ‘ഗാന്ധിജിയുടെ ജീവിതവും പ്രവർത്തനവും, അവയുടെ പ്രസക്തിയും’ എന്ന വിഷയം അടിസ്ഥാനമാക്കിയ ഏറ്റവും മികച്ച ഓഡിയോ, വീഡിയോ പ്രോഗ്രാമുകൾക്ക് പുരസ്കാരങ്ങളുണ്ട്. എൻട്രികൾ ഒക്ടോബർ 31-നകം ‘Head, Planning and Research Division, CIET, NCERT, Sri Aurobindo Marg, New Delhi-110016’, എന്ന വിലാസത്തിൽ ലഭിക്കണം. വിവരങ്ങൾക്ക്: http://www.ciet.nic.in