news

അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ നടപടി വേണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍

Gayathri | Saturday, December 31, 2016 12:40 PM IST

അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ വിദ്യാഭ്യാസാവകാശ നിയമത്തിന്റെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ അടച്ചുപൂട്ടുന്നതിന് നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിക്ക് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദേശം നല്‍കി. കമ്മീഷന്‍ അംഗങ്ങളായ ബാബു.എന്‍, ഗ്ലോറി ജോര്‍ജ്ജ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇതുസംബന്ധിച്ച് കോടതികളില്‍ നിലവിലുളള കേസുകളില്‍ അടച്ചുപൂട്ടുന്നതിന്റെ ആവശ്യകത കോടതിയെ ബോധ്യപ്പെടുത്താനും അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടുത്ത അധ്യയനവര്‍ഷമെങ്കിലും പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ നേടിയിട്ടുളള സ്റ്റേ ഉത്തരവുകള്‍ നീക്കിക്കിട്ടുന്നതിനും സര്‍ക്കാരിന് അനുകൂലമായി കേസ് തീര്‍പ്പാക്കിയെടുക്കുന്നതിനും നിയമവകുപ്പ് മുഖേന നടപടി സ്വീകരിക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസാവകാശനിയമം നിലവില്‍വന്ന് മൂന്നുവര്‍ഷത്തിനുശേഷം അംഗീകാരം ഇല്ലാത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിക്കരുതെന്ന് നിയമമുണ്ടെങ്കിലും അംഗീകാരമോ അടിസ്ഥാനസൗകര്യങ്ങളോ യോഗ്യതയുളള അധ്യാപകരോ ഇല്ലാതെ ഇത്തരം സ്‌കൂളുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് അത്യന്തം ഗൗരവതരമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. പി.എന്‍.എക്‌സ്.5048/16