ലഹരി ഉപയോഗത്തിനെതിരെ വിദ്യാര്‍ഥികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. വനിതാ ശിശുവികസന വകുപ്പിന്‍റെയും, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്‍റേയും, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് , കോന്നി എം.എം.എന്‍.എസ്.എസ് കോളേജ് എന്നിവയുടേയും സഹകരണത്തോടെ നടത്തുന്ന ജില്ലയിലെ ലഹരിമരുന്ന്-മനുഷ്യക്കടത്ത് വിരുദ്ധവാരാചരണം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ. വ്യക്തിബോധവും പൊതുബോധവും ലഹരിക്കെതിരെ ശക്തമായി ഉണരണമെന്നും, ലഹരി വില്‍പ്പന ശ്രദ്ധയില്‍പ്പെട്ടാല്‍ അധികാരികളെ എത്രയും പെട്ടെന്ന് അറിയിക്കണമെന്നും, ഒപ്പമുള്ളവരെ ശരിയുടെ പാതയിലേക്ക് കൊണ്ടുവരാനുള്ള ഉത്തരവാദിത്വം വിദ്യാര്‍ത്ഥികള്‍ക്കുണ്ടെന്നും എം.എല്‍.എ പറഞ്ഞു.
ലഹരി ഉപയോഗം പൂര്‍ണമായും നിരോധിച്ചാല്‍ മാത്രമേ സമൂഹത്തിന് കെട്ടുറപ്പ് ഉണ്ടാവുകയുള്ളുവെന്നും, അതിന് വേണ്ടി ഒരാഴ്ച നീണ്ട് നില്‍ക്കുന്ന വിവിധ പരിപാടികളാണ് ജില്ലയില്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണ്ണാദേവി അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. വിദ്യാലയങ്ങളുടെ അന്തരീക്ഷം കലുഷിതമാകുന്നതിന്‍റെ പ്രധാന കാരണം ലഹരി ഉപയോഗമാണെന്നും പ്രസിഡന്‍റ് പറഞ്ഞു.
അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് പി.ടി ഏബ്രഹാം, ചൈല്‍ഡ് വെലഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ സൂസമ്മ മാത്യു, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി സബ്ജഡ്ജ് ആര്‍.ജയകൃഷ്ണന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എല്‍.ഷീബ, വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ ബി.ഷാജിമോന്‍, എം.എം.എന്‍.എസ്.എസ് കോളേജ് സോഷ്യല്‍വര്‍ക്ക് വിഭാഗം മേധാവി സി.വര്‍ഗീസ്, സാമൂഹ്യപ്രവര്‍ത്തകന്‍ ഷാന്‍ രമേശ് ഗോപന്‍, ജില്ലയിലെ സ്കൂളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍, നോഡല്‍ അദ്ധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് കുട്ടികളിലെ വര്‍ദ്ധിച്ച ലഹരി ഉപയോഗം- പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സ്കൂളിന്‍റെ പങ്കാളിത്തം എന്ന വിഷയത്തില്‍ സംവാദം നടത്തി. നാളെ (28) മുതല്‍ ജൂലെ രണ്ട് വരെ ക്വിക്ക് മത്സരം, പോസ്റ്റര്‍ പ്രദര്‍ശനം, ക്വിസ് പ്രോഗ്രാം എന്നിവയും വാരാചരണത്തോടനുബന്ധിച്ച് നടക്കും.