malayalam

വിദ്യാഭ്യാസവും വികസനത്തിന്‍റെ പട്ടികയില്‍ വരും: മന്ത്രി ഇ ചന്ദ്രശേഖരന്‍

Sulphikar S | Tuesday, June 26, 2018 6:16 PM IST

കെട്ടിങ്ങളും പാലങ്ങളും മാത്രമല്ല വിദ്യാഭ്യാസമുള്ള ജനതയും വികസനത്തിന്‍റെ പട്ടികയില്‍ വരുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കടമ്പനാട് പഞ്ചായത്തിലെ പാണ്ടിമലപ്പുറം ഗവ. വെല്‍ഫെയര്‍ എല്‍ പി സ്കൂളിലെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ രംഗത്തെ കുതിച്ചു ചാട്ടത്തിനാണ് ഈ കാലയളവ് സാക്ഷ്യം വഹിക്കുന്നത്. കോടിക്കണക്കിന് രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ സ്കൂളുകളുടെ ആധുനിക വത്കരണത്തിനായി ചെലവഴിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സ്കൂളുകളികളിലും ഇതിന്‍റെ പ്രയോജനം ലഭിക്കുന്നുണ്ട്. ഇതിന്‍റെ ഫലമായി സര്‍ക്കാര്‍ സ്കൂളികളിലേക്ക് വിദ്യാര്‍ഥികള്‍ വര്‍ധിച്ച തോതില്‍ പ്രവേശനം നേടുന്നുണ്ട്. ഭൂ പരിഷ്കരണത്തിന് ശേഷം കേരളം കാണുന്ന ഏറ്റവും മഹത്തായ സംരംഭമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായുള്ള വികസന പ്രവര്‍ത്തികള്‍ എന്നും മന്ത്രി പറഞ്ഞു. രാഷ്ട്രാന്തര നിലവാരത്തിലേക്ക് വിദ്യാഭ്യാസത്തെ കൈപിടിച്ചുയര്‍ത്തുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഓരോ മണ്ഡലത്തിലും അഞ്ച് കോടി രൂപയാണ് സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ നീക്കി വച്ചിരിക്കുന്നത്. 
    ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ രംഗത്തെ നവീകരിക്കുന്നതിലൂടെ സര്‍ക്കാര്‍ ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റുകയാണെന്ന് എം എല്‍എ പറഞ്ഞു. 
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  എ ആര്‍ അജീഷ് കുമാര്‍, ജില്ലാ പഞ്ചായത്തംഗം ടി മുരുകേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ് രാധാകൃഷ്ണന്‍, തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളായ എസ് രാധാകൃഷ്ണന്‍, ആര്‍ ഷീല, പി ലീന, കെ അനില്‍കുമാര്‍, മോനി കുഞ്ഞുമോന്‍, എസ് അനൂപ്, എ ഇ ഒ വിജയലക്ഷ്മി, കെ എന്‍ ശ്രീകുമാര്‍, ഹെഡ്മിസ്ട്രസ് എല്‍ ശ്രീദേവി, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.