malayalam

പൈതൃക പഠന യാത്രയ്ക്ക് ഇന്ന് (ജനുവരി 24) തുടക്കം

Vaishnavi | Wednesday, January 24, 2018 4:15 PM IST

സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് സംഘടിപ്പിക്കുന്ന പൈതൃക പഠന യാത്രയ്ക്ക് ഇന്ന് (ജനുവരി 24) തുടക്കമാവും. രാവിലെ 7.30 ന് പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഔദ്യോഗിക വസതിയില്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. നിയമസഭാ മ്യൂസിയം, സെന്‍ട്രല്‍ ആര്‍ക്കൈവ്‌സ്, നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരം, പേപ്പാറ ഡാം, മീന്‍മുട്ടി, പൊന്‍മുടി, വിനോഭാനികേതന്‍ ആശ്രമവും മ്യൂസിയവും തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ആര്‍കൈവ്‌സ് വകുപ്പ് സംഘടിപ്പിച്ച പ്രശ്‌നോത്തരി മത്സരത്തില്‍ സംസ്ഥാനതലത്തില്‍ മികവ് പ്രകടിപ്പിച്ച സ്‌കൂള്‍ കുട്ടികളെ ഉള്‍പ്പെടുത്തിയാണ് പഠനയാത്ര നടത്തുന്നത്. രാവിലെ 11.30 ന് വിനോഭാനികേതന്‍ ആശ്രമത്തില്‍ മഠാധിപതി രാജമ്മ കുട്ടികളുമായി സംവദിക്കും. വൈകിട്ട് 7.30 ന് പൊന്‍മുടിയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കുട്ടികളോട് സംസാരിക്കും. രാത്രി ഒന്‍പതിന് മാനവീയം തെരുവോരം കൂട്ടം അവതരിപ്പിക്കുന്ന നാടന്‍പാട്ടും കലാപരിപാടിയും നടക്കും. 25 ന് ചിതറാള്‍ ജൈനക്ഷേത്രം, പത്മനാഭപുരം കൊട്ടാരം, ഉദയഗിരികോട്ട, വിഴിഞ്ഞം തുറമുഖം, കോവളം കൊട്ടാരം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. 26 ന് വട്ടിയൂര്‍ക്കാവ് സ്വാതന്ത്ര്യ സമര സ്മാരകത്തില്‍ രാവിലെ എട്ടിന് ഇന്ത്യന്‍ ജനാധിപത്യവും സ്വാതന്ത്ര്യവും എന്ന വിഷയത്തില്‍ എ. സമ്പത്ത് എം.പി പ്രഭാഷണം നടത്തും. രാവിലെ 10.30 ന് പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി ബോധേശ്വരന്റെ വീട്ടില്‍ സുഗതകുമാരി ടീച്ചറെ സന്ദര്‍ശിക്കും. മടവൂര്‍പ്പാറ ഗുഹാക്ഷേത്രം, ചെമ്പഴന്തി ശ്രീനാരായണ ഗുരുവിന്റെ ജന്‍മഗൃഹം, ശിവഗിരി മഹാസമാധി, പാപനാശം ബീച്ച്, വര്‍ക്കല തുരപ്പ്, ജനാര്‍ദ്ധന സ്വാമി ക്ഷേത്രം, തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകം എന്നിവിടങ്ങളും സംഘം സന്ദര്‍ശിക്കും