malayalam

അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്‌തകങ്ങൾ ഇന്നുമുതൽ വിതരണം ചെയ്യും; ഫെബ്രുവരിയോടെ പൂർത്തിയാക്കും

Vaishnavi | Friday, January 19, 2018 12:17 PM IST

അടുത്ത അധ്യായന വർഷം സ്‌കൂൾ തുറക്കുമ്പോഴേക്കും പാഠപുസ്തകങ്ങൾ എത്തിക്കാൻ ലക്ഷ്യമിട്ട് പാഠപുസ്തകത്തിന്റെ ആദ്യഭാഗം ഇന്ന് മുതല്‍ വിതരണം ചെയ്യും. പാഠപുസ്തക അച്ചടിച്ചുമതലയുള്ള കൊച്ചിയിലെ കെബിപിഎസ് (കേരള ബുക്‌സ് അന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി) തന്നെയാണ് പുസ്തകങ്ങളുടെ വിതരണവും നടത്തുന്നത്. പാഠപുസ്തകങ്ങളുടെ  70 ശതമാനത്തോളം അച്ചടി പൂര്‍ത്തിയായെന്ന് കെബിപിഎസ് ഉദ്യോഗസ്ഥന്‍ ഷമീര്‍ അറിയിച്ചു. 

മൂന്നു ഭാഗങ്ങളായാണ് അടുത്ത പാഠ്യവര്‍ഷത്തിലെ പുസ്തകങ്ങളും ലഭിക്കുക. ഫെബ്രുവരിയോടെ വിതരണം പൂർത്തിയാക്കും. ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലേക്കു പുസ്തകം സൗജന്യമാണെങ്കിലും ഒന്‍പത്, 10 ക്ലാസുകളിലേതിനു വില നല്‍കണം. സ്‌കൂളുകളില്‍ നിന്ന് നവംബറില്‍ തന്നെ ആവശ്യമുള്ള പുസ്തകങ്ങളുടെ എണ്ണം ഓണ്‍ലൈനായി ശേഖരിച്ചിരുന്നു. 

അതേസമയം, വളരെ നേരത്തെയുള്ള വിതരണം തങ്ങള്‍ക്കു ബാധ്യതയാകുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ മേയ് രണ്ടിനു ഫലം പ്രസിദ്ധീകരിച്ച ശേഷമേ വില നല്‍കി വാങ്ങാന്‍ മിക്ക കുട്ടികളും തയാറാകൂ. അതുവരെ സൂക്ഷിക്കേണ്ടിവരുന്നത് സ്‌കൂളുകള്‍ക്കു ബാധ്യതയാകും. വിതരണം ചെയ്യുന്ന പുസ്തകങ്ങള്‍ ജൂണ്‍വരെ സൂക്ഷിക്കാന്‍ വിദ്യാര്‍ഥികളും ജാഗ്രത പാലിക്കേണ്ടതുണ്ട്.