malayalam

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം; അപേക്ഷ ക്ഷണിച്ചു 

Vaishnavi | Thursday, February 1, 2018 4:28 PM IST

കൊച്ചി: പട്ടികജാതി/പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2018-19 അദ്ധ്യയന വര്‍ഷത്തില്‍ 5,6 ക്ലാസുകളില്‍ പ്രവേശനം നേടുന്നതിനുളള മത്സര പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ സ്ഥിര താമസക്കാരും പഠനത്തില്‍ സമര്‍ത്ഥരുമായ പട്ടികജാതി/പട്ടികവര്‍ഗ/മറ്റു സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാക്കള്‍ മുഖേന അപേക്ഷ നല്‍കാം. ആറാം ക്ലാസിലേക്കുളള പ്രവേശനത്തിന് പട്ടികവര്‍ഗക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.

അപേക്ഷാ ഫോറങ്ങള്‍ ഇടമലയാര്‍, ആലുവ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍, പട്ടികവര്‍ഗ വികസന വകുപ്പിന്റെ പ്രീ-മെട്രിക് ഹോസ്റ്റലുകള്‍, പട്ടികവര്‍ഗ പ്രമോട്ടര്‍മാര്‍ എന്നിവരില്‍ നിന്നോ, മൂവാറ്റുപുഴ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നോ സൗജന്യമായി ലഭിക്കും. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജനനതീയതി, പഠിക്കുന്ന ക്ലാസ്, സ്‌കൂള്‍ എന്നിവ തെളിയിക്കുന്ന സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം. ജാതി/വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ഉളളടക്കം ചെയ്യണം.

പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ 2017-18 അദ്ധ്യയന വര്‍ഷം 4, 5 ക്ലാസുകളില്‍ പഠിക്കുന്നവരായിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി അഞ്ചിന് മുമ്പായി ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍ മുടവൂര്‍.പി.ഒ,  മൂവാറ്റുപുഴ/ജില്ലാ പട്ടികജാതി വികസന ഓപീസര്‍, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ആലുവ/ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഇടമലയാര്‍ എന്നീ ഓഫീസുകളില്‍ നേരിട്ടോ, തപാല്‍ മുഖേനയോ ലഭിക്കണം. പൂര്‍ണമല്ലാത്തതും, ആവശ്യമായ രേഖകള്‍ ഉള്‍ക്കൊളളിക്കാത്തതും, സമയപരിധി കഴിഞ്ഞ് ലഭിക്കുന്നതുമായ അപേക്ഷകള്‍ നിരസിക്കും.