malayalam

സാക്ഷരതാമിഷന്റെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് തുടക്കമായി * പുസ്തകങ്ങള്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

Vaishnavi | Thursday, January 25, 2018 12:42 PM IST

തെറ്റില്ലാതെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാമിഷന്റെ 'പച്ചമലയാളം', 'ഗുഡ് ഇംഗ്ലീഷ്', 'അഛി ഹിന്ദി', കോഴ്‌സുകള്‍ക്കായി തയ്യാറാക്കിയ പുസ്തകങ്ങള്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. മന്ത്രിമാരായ സി. രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രന്‍, ജെ. മേഴ്‌സിക്കുട്ടി അമ്മ, ഇ.ചന്ദ്രശേഖരന്‍, സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല തുടങ്ങിയവര്‍ പങ്കെടുത്തു. 

മറ്റ് ഭാഷ മാത്രമറിയുന്നവര്‍, ഭരണഭാഷ മാതൃഭാഷയായതിനെ തുടര്‍ന്ന് ഓഫീസ് നിര്‍വഹണത്തില്‍ പ്രയാസം നേരിടുന്നവര്‍, ഭാഷാന്യൂനപക്ഷത്തിലുള്ളവര്‍ എന്നിവരെയാണ് പ്രധാനമായും പച്ചമലയാളം കോഴ്‌സിനായി ഉദ്ദേശിക്കുന്നത്. മലയാളം കംപ്യൂട്ടിങ് വ്യാപിപ്പിക്കുക, സ്മാര്‍ട്ട് ഫോണുകളിലടക്കം മലയാളത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കുക തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നു. മലയാളം പഠിക്കാന്‍ താല്‍പര്യമുള്ള ഏതുപ്രായത്തിലുള്ളവര്‍ക്കും പാഠ്യപദ്ധതിയില്‍ ചേരാം. രണ്ട് പാഠ്യഭാഗങ്ങളുണ്ടാകും. ആദ്യത്തേതില്‍ അക്ഷരം, ചിഹ്നം, വാക്യം, വാക്യഘടന എന്നിവ പഠിപ്പിക്കും. അടുത്തതില്‍ ഭാഷാ സാഹിത്യം, കല, കേരളസംസ്‌കാരം, മാധ്യമ സാക്ഷരത എന്നവയായിരിക്കും വിഷയങ്ങള്‍.

ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യം വര്‍ധിപ്പിക്കുന്നതിനായി ആരംഭിച്ച 'അഛീഹിന്ദി', 'ഗുഡ് ഇംഗ്ലീഷ് ' സര്‍ട്ടിഫിക്കറ്റ്  കോഴ്‌സുകളുടെയും കാലദൈര്‍ഘ്യം നാലുമാസമാണ്.  എട്ടാംക്ലാസ് പൂര്‍ത്തിയാക്കിയ 17 വയസ്സിനുമുകളില്‍ പ്രായമുള്ള ആര്‍ക്കും ഈ കോഴ്‌സുകള്‍ക്ക് ചേരാം.