സംസ്ഥാന കുട്ടികളുടെ ആറാമത് വിദ്യാഭ്യാസ ചലച്ചിത്രമേള തലസ്ഥാനത്ത് നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജിയാണ് മേള സംഘടിപ്പിക്കുന്നത്. കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ചതും വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മിച്ചതുമായ ചിത്രങ്ങളുടെ പ്രദര്‍ശനവും മത്സരവുമാണ് നടക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് ചലച്ചിത്രനിര്‍മാണത്തില്‍ അറിവു പകരുക, അവരുടെ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക, ചലച്ചിത്രങ്ങള്‍ സംസ്ഥാനതലത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വേദി ഒരുക്കുക എന്നിവയാണ് മേളയുടെ ലക്ഷ്യം. വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ചത്, വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നിര്‍മിച്ചത് എന്നീ രണ്ടു വിഭാഗങ്ങളായി പ്രൈമറി, സെക്കന്ററി, സീനിയര്‍ സെക്കന്ററി, ബി.ആര്‍.സി വിഭാഗങ്ങളില്‍ പ്രത്യേക മല്‍സരമുണ്ടാകും. ആകെയുള്ള എട്ടു വിഭാഗങ്ങളിലും മികച്ച ഒന്നാമത്തെ ചിത്രം, രണ്ടാമത്തെ ചിത്രം, മൂന്നാമത്തെ ചിത്രം, മികച്ച തിരക്കഥ, സംവിധാനം, ഛായാഗ്രഹണം, എഡിറ്റിംഗ്, ശബ്ദലേഖനം, സെറ്റ് ഡിസൈനിംഗ്, പശ്ചാത്തലസംഗീതം, ആനിമേഷന്‍, ഡബ്ബിംഗ് എന്നിങ്ങനെ പന്ത്രണ്ട് അവാര്‍ഡുകള്‍ വീതം നല്‍കും. ചലച്ചിത്രപ്രദര്‍ശനത്തോടൊപ്പം ചലച്ചിത്രനിര്‍മാണത്തിന്റെ വിവിധ വശങ്ങളെ അടിസ്ഥാനമാക്കിയുള്ള ശില്‍പശാലകളും സെമിനാറുകളും നടക്കും. അന്തര്‍ദേശീയതലത്തിലും ദേശീയതലത്തിലും കുട്ടികള്‍ക്കായി നിര്‍മിച്ച മികച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ചലച്ചിത്രമേളയിലും ചലച്ചിത്രനിര്‍മാണ ശില്‍പശാലയിലും പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. വിശദവിവരങ്ങള്‍ക്ക് എസ്.ഐ.ഇ.ടി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍. 0471-2338541, 40.