technology

യൂണിഫോം വരെ സ്മാര്‍ട്ടാക്കി ചൈനയിലെ സ്‌കൂളുകള്‍

Newsdesk | Thursday, December 27, 2018 4:49 PM IST

ബെയ്ജിങ്: ചൈനയിലെ ഗാങ്ഷു പ്രവിശ്യയിലെ പത്തിലേറെ സ്‌കൂളുകളാണ് ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച സമാര്‍ട്ട് യൂണിഫോമുകളുമായി രംഗത്തെത്തിയത്. ഇതോടെ സ്‌കൂള്‍ അധികൃതര്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടികളെ ട്രാക്ക് ചെയ്യാന്‍ സാധിക്കും. 

ബ്ലാക്ക് മിറര്‍ എന്ന ട്രാക്കിങ് സാങ്കേതിക വിദ്യ ഡാറ്റാബേസുമായി സമന്വയിപ്പിച്ചുള്ള സംവിധാനമാണ് സ്മാര്‍ട്ട് യൂണിഫോമിലുള്ളത്. സ്‌കൂള്‍ ഗേറ്റിലെ ഉപകരണം ഉപയോഗിച്ച് കുട്ടിയുടെ മുഖവും യൂണിഫോമിലെ ചിപ്പും സ്‌കാന്‍ ചെയ്തു നോക്കും. കുട്ടികള്‍ യൂണിഫോം പരസ്പരം മാറി ഇടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

കുട്ടികളെ ട്രാക്ക് ചെയ്യുന്നതിനു പുറമെ അനുവാദമില്ലാതെ സ്‌കൂളിനു വെളിയിലിറങ്ങിയാല്‍ തടയാന്‍ അലാറം സംവിധാനങ്ങളുമുണ്ട്. കൂടാതെ കുട്ടികള്‍ വഴിയില്‍ നിന്നും എന്തൊക്കെ സാധനങ്ങള്‍ വാങ്ങിക്കുന്നുവെന്ന് രക്ഷിതാക്കളെ അറിയിക്കാനും ഈ സ്മാര്‍ട്ട് യൂണിഫോമുകള്‍ക്ക് സാധിക്കും. ഈ യൂണിഫോം പ്രാബല്യത്തില്‍ വന്ന ശോഷം ഹാജര്‍ നില വര്‍ദ്ധിച്ചുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

എന്നാല്‍ ഇതിനെതിരെ ഒരുപാടു പ്രതിഷേധങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. കുട്ടികളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണിതെന്നും. അവരുടെ സ്വാഭാവികമായ സ്വഭാവങ്ങള്‍ക്ക് കോട്ടം തട്ടാന്‍ ഇതു കാരണമാകുമെന്നും വിമര്‍ശകര്‍ പറയുന്നു.