students

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനം നാളെ (ഡിസംബര്‍ ഒന്‍പത്)

Gayathri | Thursday, December 8, 2016 5:55 PM IST

സംസ്ഥാനത്തെ മറ്റുപിന്നാക്ക വിഭാഗ-ന്യൂനപക്ഷ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ (ഡിസംബര്‍ ഒന്‍പത്) രാവിലെ 11ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടല്‍ സിംഫണി ഹാളില്‍ പിന്നാക്കക്ഷേമ മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും. 2015-16 അധ്യയന വര്‍ഷത്തില്‍ സംസ്ഥാന സിലബസില്‍ പ്ലസ് ടൂ വിന് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് ലഭിച്ച ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റത്തവണയായി അയ്യായിരം രൂപ വീതമാണ് വിദ്യഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. മൂവായിരം പേര്‍ക്ക് ഈ സ്‌കോളര്‍ഷിപ്പ് നല്‍കാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത്. പ്ലസ് ടൂ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും നൂറ് ശതമാനം മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പുരസ്‌കാരവും നല്‍കും. ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മേയര്‍ വി.കെ. പ്രശാന്ത് മുഖ്യാതിഥിയായിരിക്കും. പിന്നാക്ക സമുദായ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, കേരള സര്‍വകലാശാല പ്രോ- വൈസ് ചാന്‍സലര്‍ ഡോ. എന്‍. വീരമണികണ്ഠന്‍, നഗരസഭാ കൗണ്‍സിലര്‍ പാളയം രാജന്‍ എന്നിവര്‍ സംബന്ധിക്കും. പി.എന്‍.എക്‌സ്.4719/16