students

പൈസ ചിലവില്ലാതെ യു.കെയിൽ പഠിക്കാം ;ചീവ്നിങ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം 

Newsdesk | Tuesday, October 9, 2018 12:14 PM IST

പൈസ ചിലവില്ലാതെ യു.കെയിൽ പഠിക്കാം ;ചീവ്നിങ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം 

അടുത്തവര്‍ഷത്തേക്കുള്ള  ചീവ്നിങ് സ്‌കോളഷിപ്പിനായി നവംബര്‍ ആറ് വരെ അപേക്ഷിക്കാം.
ബിരുദമാണ് അടിസ്ഥാന യോഗ്യത.ഏതെങ്കിലും മേഖലയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.  
തിരഞ്ഞെടുക്കപ്പെട്ടാല്‍ ഒരുവര്‍ഷംനീളുന്ന ബിരുദാനന്തരബിരുദ കോഴ്സിനുള്ള ഫുള്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും. കോഴ്സ് ഫീ കൂടാതെ താമസം അടക്കമുള്ള ജീവിതച്ചെലവുകള്‍ക്കും പണം ലഭിക്കും. ഒരാള്‍ക്ക് 26,000 ബ്രിട്ടീഷ് പൗണ്ടോളമാണ് (25 ലക്ഷത്തോളം രൂപ) ചീവ്നിങ് സ്‌കോളര്‍ഷിപ്പ് മുഖേന ലഭിക്കുക. 

ബ്രിട്ടീഷ് സര്‍ക്കാരിനുകീഴിലുള്ള ബ്രിട്ടീഷ് ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസ് വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് ചീവ്നിങ് സ്‌കോളര്‍ഷിപ്പ്. നിലവിലുള്ള പ്രവര്‍ത്തനമേഖലയില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍ക്കുന്നതിനും ആഗോളതലത്തില്‍ പഠനപരിചയം നേടുന്നതിനും വേണ്ടിയാണ് സ്‌കോളര്‍ഷിപ്പ്.

പ്രതിവര്‍ഷം 1500-ല്‍ അധികം പേരെ ഇതിനായി തിരഞ്ഞെടുക്കുന്നു. കേംബ്രിജ്, ഓക്‌സ്ഫഡ് തുടങ്ങി യു.കെയിലെ പ്രധാന സര്‍വകലാശാലകളില്‍ പഠനംനടത്താനുള്ള അവസരം ലഭിക്കും.

ശ്രദ്ധിക്കേണ്ടവ  

ബ്രിട്ടീഷ് സര്‍ക്കാരിന്റെ മറ്റേതെങ്കിലും സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്ക് വീണ്ടും ചീവ്നിങ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനാവില്ല . ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്ന ഐ.ഇ. എല്‍.ടി.എസ്. പോലെയുള്ള പരീക്ഷ പാസായിരിക്കണം. പഠനം പൂര്‍ത്തിയായതിനുശേഷം സ്വന്തംരാജ്യത്ത് തിരിച്ചെത്തി കുറഞ്ഞത് രണ്ടുവര്‍ഷം പ്രവര്‍ത്തിക്കണമെന്നത് നിര്‍ബന്ധമാണ്.

തിരഞ്ഞെടുപ്പ് പ്രക്രിയ 
ഒരുവര്‍ഷത്തോളം നീളുന്നതാണ് തിരഞ്ഞെടുപ്പ് നടപടികള്‍. ഓണ്‍ലൈന്‍ അപേക്ഷയ്‌ക്കൊപ്പം അഞ്ച് ലേഖനം സമര്‍പ്പിക്കണം. എന്തുകൊണ്ട് ഈ കോഴ്സ് തിരഞ്ഞെടുത്തു, യു.കെ. പഠനം എങ്ങനെ ഭാവി പ്രവര്‍ത്തനത്തെയും കരിയറിനെയും സഹായിക്കും സ്വന്തം നേതൃപാടവം, പ്രവര്‍ത്തനമേഖലയിലെ സാന്നിധ്യം എന്നിവ വിശദീകരിക്കുന്ന ലേഖനങ്ങളാണ് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടത്. ലേഖനവും അക്കാദമിക മികവും വിലയിരുത്തിയാകും അഭിമുഖത്തിന് ക്ഷണിക്കുന്നത്. 

അപേക്ഷകരുടെ അക്കാദമിക മികവ്, പ്രവൃത്തിപരിചയം എന്നിവയെക്കുറിച്ച് വിശദീകരിക്കാന്‍ സാധിക്കുന്ന രണ്ടുപേരുടെ വിവരങ്ങള്‍ റഫന്‍സായി നല്‍കണം. അപേക്ഷകളുടെ പ്രാഥമിക വിലയിരുത്തലിനുശേഷം റഫറന്‍സ് നല്‍കിയവര്‍ അപേക്ഷകരുടെ മികവുകള്‍ വിലയിരുത്തിക്കൊണ്ടുള്ള വിശദമായ കുറിപ്പ് ഓണ്‍ലൈനായി നല്‍കണം.

അപേക്ഷിക്കേണ്ട വിധം 

https://chevening.smartsimpleuk.com/s_Login.jsp എന്ന വെബ്സൈറ്റിലൂടെയാണ്  ഓണ്‍ലൈന്‍ അപേക്ഷ. പാസ്‌പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ്, സര്‍വകലാശാല ബിരുദ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുടെ വിവരങ്ങള്‍ അപേക്ഷയ്‌ക്കൊപ്പം നല്‍കണം. പ്രവേശനം ആഗ്രഹിക്കുന്ന മൂന്ന് കോഴ്സുകള്‍ മുന്‍ഗണനാക്രമത്തില്‍ തിരഞ്ഞെടുക്കണം. ഈ പട്ടികയില്‍ ഉള്‍പ്പെടാത്ത കോഴ്സാണെങ്കില്‍ ഈ വിവരം ഇ-മെയില്‍ മുഖേന അറിയിച്ചാല്‍ മതിയാകും.
 റഫറന്‍സും സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 25 വിവരങ്ങള്‍ക്ക്: http://www.chevening.org

ചീവ്നിങ് ഫെലോഷിപ്പുകൾക്കും അപേക്ഷിക്കാം 

ബിരുദാനന്തരബിരുദത്തിനൊപ്പം മാധ്യമപ്രവര്‍ത്തനം, സൈബര്‍ സുരക്ഷ തുടങ്ങി ഏഴ് വിഷയങ്ങളില്‍ ചീവ്നിങ് ഫെലോഷിപ്പുകളുമുണ്ട്. എട്ട് ആഴ്ചയാണ് ഫെലോഷിപ്പിന്റെ ദൈര്‍ഘ്യം. അതത് മേഖലയില്‍ കുറഞ്ഞത് ഏഴുവര്‍ഷം പ്രവൃത്തിപരിചയം വേണം. സൗത്ത് ഏഷ്യ ജേണലിസം പ്രോഗ്രാം, സൈബര്‍ സെക്യുരിറ്റി ഇന്ത്യ, റിസര്‍ച്ച് സയന്‍സ് ആന്‍ഡ് ഇന്നവേഷന്‍ ലീഡര്‍ഷിപ്പ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ക്ലോര്‍ എന്നിങ്ങനെയാണ് ഫെലോഷിപ്പുകള്‍. ഒക്ടോബര്‍ 10 വരെ അപേക്ഷിക്കാം. http://www.chevening.org/fellowships/india