students

എഞ്ചിനീയറിംഗ് പെൺകുട്ടികൾക്കായി അഡോബി സ്‌കോളർഷിപ്പും ഇന്റേൺഷിപ്പും ഒരുക്കുന്നു 

Newsdesk | Tuesday, October 9, 2018 10:45 AM IST

എഞ്ചിനീയറിംഗ് പെൺകുട്ടികൾക്കായി അഡോബി സ്‌കോളർഷിപ്പും ഇന്റേൺഷിപ്പും ഒരുക്കുന്നു 

എഞ്ചിനീയറിംഗ് വിദ്യാർഥിനികൾക്കായി അഡോബി  സ്‌കോളർഷിപ്പും ഒരു വർഷത്തെ ഇന്റേൺഷിപ്പും നൽകുന്നു. അംഗീകൃത സര്‍വകലാശാലയില്‍ റെഗുലറായി രജിസ്റ്റര്‍ ചെയ്ത ബി.ഇ., ബി.ടെക്. അല്ലെങ്കില്‍ എം.ഇ., എം.എസ്., എം.ടെക് പഠിക്കുന്ന പെൺകുട്ടികൾക്കാണ് അവസരം. 2019-20 ല്‍ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് അവസരം.
സാങ്കേതിക പരിജ്ഞാനം, ചിന്താശേഷി,ബൗദ്ധിക വിശകലനശേഷി, അഭിരുചി, വിഷയത്തോടുള്ള താത്പര്യം എന്നിവ പരിശോധിച്ചായിരിക്കും വിജയികളെ കണ്ടെത്തുക.

സ്‌കോളര്‍ഷിപ്പ്
ശാസ്ത്ര-സാങ്കേതിക രംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനായി അഡോബി ഇന്ത്യ 'വിമന്‍ ഇന്‍ ടെക്നോളജി സ്‌കോളര്‍ഷിപ്പ്' എന്ന പേരില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. കഴിവ് പ്രകടമാക്കാന്‍ ലഭിക്കുന്ന ഏറ്റവുംമികച്ച വേദിയാണ് അഡോബി ഒരുക്കുന്നത്. അഡോബി ഇന്ത്യ വിമന്‍ ഇന്‍ ടെക്നോളജി സ്‌കോളര്‍ഷിപ്പ്, അഡോബി ഗ്ലോബല്‍ വിമന്‍ എന്നിങ്ങനെ രണ്ട് സ്‌കോളര്‍ഷിപ്പുകളാണുള്ളത്. ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം.

ഇന്റേൺഷിപ്പ്

വിജയികള്‍ക്ക് അഡോബിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഇന്റേണ്‍ഷിപ്പ് ചെയ്യാം. ഒപ്പം രണ്ടുവര്‍ഷത്തേക്കുള്ള ബി.ടെക്., എം.ടെക്. പഠനച്ചെലവും വഹിക്കും. ഇന്ത്യയിലെ ഏറ്റവുംവലിയ വനിതാ ടെക് ഫെസ്റ്റിവലായ ഗ്രേസ് ഹോപ്പര്‍ കോണ്‍ഫറന്‍സില്‍ വിജയികള്‍ക്ക് സൗജന്യമായി പങ്കെടുക്കാനും അവസരമൊരുക്കും.

രജിസ്ട്രേഷന്‍

https://research.adobe.com/adobe-india-women-in-technology-scholarship   എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. സൈറ്റില്‍ നല്‍കിയിരിക്കുന്ന വിഷയങ്ങളില്‍ ലഘുപ്രബന്ധങ്ങള്‍, റെസ്യൂമെ, അധ്യാപകന്റെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. അവസാന തീയതി ഒക്ടോബര്‍ 14.