malayalam

ജനുവരി 30ന് എല്ലാ സ്‌കൂളുകളും ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കണം

Gayathri | Saturday, January 28, 2017 3:09 PM IST

സംസ്ഥാന ലഹരി വര്‍ജന മിഷന്‍ വിമുക്തിയോടനുബന്ധിച്ച് ജനുവരി 30ന് സംസ്ഥാനത്തെ എല്ലാ ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അസംബ്ലികളിലും വിദ്യാര്‍ത്ഥികളും അധ്യാപകരും ഒത്തുചേര്‍ന്ന് ലഹരിക്കെതിരെ പ്രതിജ്ഞ എടുക്കും. ജനുവരി 30നുള്ളില്‍ ലഹരി വിരുദ്ധ ക്ലബ്ബുകള്‍ രൂപീകരിച്ചിട്ടില്ലാത്ത മുഴുവന്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ലഹരി വിരുദ്ധ ക്ലബ്ബുകള്‍ രൂപീകരിക്കണമെന്ന് വിമുക്തി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടാതെ പൊതുസമൂഹത്തെയാകെ ഉള്‍ക്കൊള്ളിച്ച് ലഹരിക്കെതിരെയുള്ള സന്ദേശം വീടുവീടാന്തരം എത്തിക്കുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ ഗൃഹങ്ങളിലും മാര്‍ച്ച് എട്ട് വനിതാദിനത്തില്‍ കുടുംബശ്രീ, അംഗന്‍വാടി, ആശവര്‍ക്കര്‍, അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍ മുഖേന വിമുക്തിയുടെ സ്റ്റിക്കര്‍ പതിക്കുന്ന മഹത്തായ യജ്ഞത്തിന് തുടക്കം കുറിക്കും. മാര്‍ച്ച് 20നുള്ളില്‍ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും ലഹരിക്കെതിരെ വിമുക്തിയുടെ സന്ദേശമെത്തിക്കുകയാണ് ലക്ഷ്യം. ലഹരി മാഫിയയുടെ പിടിയില്‍ നിന്നും യുവതയെ മോചിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ ഈ സംരംഭത്തില്‍ എല്ലാവരും സ്വമേധയാ ഭാഗമാകണമെന്നും എക്‌സൈസ് വകുപ്പും വിമുക്തി മിഷനും അഭ്യര്‍ത്ഥിച്ചു.