malayalam

ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചാല്‍ നടപടി : പ്രത്യേക സൗകര്യങ്ങളൊരുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രദ്ധിക്കണം

Gayathri | Saturday, June 3, 2017 12:32 PM IST

ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചാല്‍ നടപടി : പ്രത്യേക സൗകര്യങ്ങളൊരുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രദ്ധിക്കണം

അംഗപരിമിതരോ ഭിന്നശേഷിയുള്ളവരോ ആയ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചാല്‍ നടപടിയെടുക്കുമെന്ന് അംഗപരിമിതര്‍ക്കായുള്ള സംസ്ഥാന കമ്മീഷണര്‍ ഡോ. ജി. ഹരികുമാര്‍ അറിയിച്ചു. സ്‌കൂള്‍ പ്രവേശനം അവരുടെ ജന്‍മാവകാശവും സൗജന്യവുമാണ്. ഇത് സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രണ സ്വകാര്യ സ്‌കൂളുകള്‍ ഉള്‍പ്പെടെ ബാധകമാണ്. സ്‌കൂള്‍ അധികൃതരും പി.ടി.എയും ഇക്കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ഇത്തരം വിദ്യാര്‍ഥികള്‍ക്ക് അര്‍ഹതപ്പെട്ട പ്രത്യേക സൗകര്യങ്ങളായ സ്‌കൂളുകളിലെ പ്രത്യേക ശൗചാലയം, ചവിട്ടുപടികള്‍ ഇല്ലാത്ത യാത്രാവഴി, താഴത്തെ നിലയില്‍ പഠനമുറി, സ്‌പെഷ്യല്‍ ടീച്ചര്‍, റിസോഴ്‌സ് മുറികള്‍ എന്നിവയും ഏര്‍പ്പെടുത്തണം. അംഗപരിമിതര്‍ക്കുള്ള 1995ലെ ദേശീയനിയമത്തില്‍ അംഗപരിമിത കുട്ടികള്‍ക്ക് സൗജന്യവിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കാന്‍ നിരവധി നിബന്ധനകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വൈകല്യമുള്ള കുട്ടിക്ക് 18 വയസ് തികയുന്നതുവരെ സമുചിതമായ ചുറ്റുപാടില്‍ സൗജന്യവിദ്യാഭ്യാസം ലഭിക്കുന്നെന്ന് ഉറപ്പാക്കണം. വൈകല്യമുള്ള കുട്ടികളെ സാധാരണ വിദ്യാലയങ്ങളുമായി സമന്വയിപ്പിക്കുന്നത് പ്രോത്‌സാഹിപ്പിക്കണം. വൈകല്യമുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക സ്‌കൂളുകളില്‍ തൊഴിലധിഷ്ഠിത പരിശീലന സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ ശ്രമിക്കണമെന്നുമുള്‍പ്പെടെ നിബന്ധനകള്‍ നിയമത്തിലുണ്ട്. ഇതു സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ അംഗപരിമിതര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, സോഷ്യല്‍ വെല്‍ഫെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ കോംപ്ലക്‌സ്, പൂജപ്പുര, തിരുവനന്തപുരം - 12 എന്ന വിലാസത്തില്‍ അറിയിക്കാം. ഫോണ്‍ : 0471 - 2347704.