malayalam

ജീവിതത്തിലും കുട്ടികളെ എ പ്ലസ് വാങ്ങാന്‍ പ്രാപ്തരാക്കണം :  മന്ത്രി ഇ ചന്ദ്രശേഖരന്‍

Sulphikar S | Tuesday, June 26, 2018 6:13 PM IST

പരീക്ഷയില്‍ മാത്രമല്ല ജീവിതത്തിലും കുട്ടികളെ എ പ്ലസ്സോടെ വിജയം വരിക്കാന്‍ പ്രാപ്തരാക്കണമെന്ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. തൃച്ചേന്ദമംഗലം ഗവ.ഹയര്‍സെക്കന്‍ററി സ്കൂളിലെ പുതിയ ഹൈസ്കൂള്‍ കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാലയങ്ങളിലെ പഠന നിലവാരം രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ആകെമാനം 45000 ല്‍ അധികം സ്മാര്‍ട് ക്ലാസ്  റൂമുകളാണ് നിര്‍മിക്കുന്നത്. കോടി കണക്കിന് രൂപയും വിദ്യാലയങ്ങളുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനായി ചെലവഴിക്കുന്നു. സാക്ഷരതയില്‍ സംസ്ഥാനം ഏറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും നമ്മുടെ കുട്ടികള്‍ മത്സര പരീക്ഷകളില്‍ പിന്നാക്കം പോകുന്നത് വിഷമകരമായ വസ്തുതയാണ്. ഇതിന് മാറ്റം വരുന്നതിന് വിദ്യാഭ്യാസ രംഗത്തെ സമൂലമായ പുരോഗതിയിലൂടെ സാധ്യമാകണമെന്നും ഇതിനായി ജനങ്ങളും അധ്യാപകരും യോജിച്ചുള്ള സമീപനം വേണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പഠന നിലവാരം മോശമാണെന്ന ധാരണ പൊതുവേ ഉണ്ടായിരുന്നു. മാത്രവുമല്ല ഒരു പരിധിവരെ സര്‍ക്കാര്‍ സ്കൂളുകള്‍ തകര്‍ച്ചയുടെ വക്കിലുമായിരുന്നു. ഇന്ന് സര്‍ക്കാരിന്‍റെ സമയോചിതമായ പ്രവര്‍ത്തനത്തിലൂടെ ഈ അവസ്ഥക്ക് മാറ്റം വന്നിരിക്കുന്നു. വിദ്യാര്‍ഥികള്‍ അണ്‍ എയിഡഡ് സ്കൂളുകള്‍ ഉപേക്ഷിച്ച് കൂട്ടത്തോടെ സര്‍ക്കാര്‍ സ്കൂളുകളിലേക്ക് വരുന്നുണ്ട്. ഈ വര്‍ഷം 1.75 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പൊതുവിദ്യാലയങ്ങലേക്ക് പുതുതായി എത്തിയതെന്നും മന്ത്രി പറഞ്ഞു. 
    ചിറ്റയം ഗോപകുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. സ്കൂളുകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കുന്നതിന്‍റെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പണം അനുവദിക്കുന്നതിന്‍റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉദാരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാരിന്‍റെ നയമാണ് ഇതിലൂടെ വ്യക്തമാവുതെന്നും  എം എല്‍ എ പറഞ്ഞു. 
പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജി പ്രസന്ന കുരമാരി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ ജി അനിത, ജില്ലാ പഞ്ചായത്ത് അംഗം ടി മുരുകേഷ്, തദ്ദേശ സ്ഥാപന ജനപ്രതിനിധികളായ എ പി സന്തോഷ്, എ ടി രാധാകൃഷ്ണന്‍, ആശാ ഷാജി, കുഞ്ഞുമോള്‍ കൊച്ചുപാപ്പി, ഷെല്ലി ബേബി, ലതിക മോഹന്‍, കൃഷ്ണകുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടി ജി കൃഷ്ണകുമാര്‍, എസ് എസ് എ പ്രൊജക്ട് ഡയറക്ടര്‍ ആര്‍ വിജയമോഹന്‍  പ്രിന്‍സിപ്പല്‍ കെ സുധ, ഹെഡ്മിസ്ട്രസ് വി വി ഓമന,  രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.