malayalam

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തും: മുഖ്യമന്ത്രി

Gayathri | Friday, June 2, 2017 11:33 AM IST

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തും: മുഖ്യമന്ത്രി

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം ഊരുട്ടമ്പലം സ്‌കൂളില്‍ സം സ്ഥാനതല പ്രവേശനോത്‌സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു. നിലവാരം മെച്ചപ്പെടുത്തുന്ന നടപടി പ്രവൃത്തിയിലൂടെ സര്‍ക്കാര്‍ തെളിയിക്കും. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുന്ന ചിന്തയ്ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുകയാണ്. വിദ്യാഭ്യാസ മേഖലയില്‍ ലോകം ശ്രദ്ധിക്കുന്ന പുരോഗതി കേരളം കൈവരിച്ചത് പൊതുവിദ്യാഭ്യാസത്തിലൂടെയാണ്. ആഗോളവത്കരണത്തിന്റെ കടന്നുവരവോടെ പൊതുവിദ്യാഭ്യാസത്തിന് കുറച്ചു ക്ഷീണം സംഭവിച്ചു. അതിനു മാറ്റം വരുത്താനുള്ള പ്രവൃത്തികളാണ് സര്‍ക്കാര്‍ നടത്തുന്നത്. നാട്ടിലെ എല്ലാ കുട്ടികളെയും സര്‍ക്കാര്‍ ഒരുപോലെയാണ് കാണുന്നത്. സാധാരണക്കാരുടെ കുട്ടികള്‍ക്കും മികവു നേടാനുള്ള സാഹചര്യം ഒരുക്കും. ഇതിന്റെ ഭാഗമായാണ് ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ സ്മാര്‍ട്ട് ക്ലാസുകളാക്കാനും പൊതുവിദ്യാലയങ്ങള്‍ ഹൈടെക് ആക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കുക. സര്‍ക്കാര്‍ സ്‌കൂളുകള്‍ പോലെതന്നെ എയ്ഡഡ് വിദ്യാലയങ്ങളും പ്രധാനമാണ്. എയ്ഡഡ് സ്‌കൂളുകള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന് ഒരു കോടി രൂപ വരെ സര്‍ക്കാര്‍ ചെലവാക്കും. വിദ്യാഭ്യാസ രംഗത്ത് സമൂല പരിഷ്‌കാരം വരുത്തിയത് ഇ. എം. എസ് സര്‍ക്കാരാണ്. നവോത്ഥാന കാലഘട്ടത്തില്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്ന ഇടപെടല്‍ കേരളത്തിലുണ്ടായി. നവോത്ഥാന നായകര്‍ തുടങ്ങിവച്ച കാര്യങ്ങള്‍ ഫലപ്രദമായി ഏറ്റെടുക്കപ്പെട്ടതിനാലാണ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ നവേത്ഥാന പ്രവര്‍ത്തനങ്ങള്‍ വിജയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവേശനോത്‌സവവും വിദ്യാരംഭവുമെല്ലാം ഉത്‌സവമായാണ് കേരളത്തില്‍ ആഘോഷിക്കുന്നത്. വിദ്യാഭ്യാസത്തിന് സമൂഹം വലിയ ഊന്നല്‍ നല്‍കുന്നതിനാലാണിത്. ഒരു കാലത്ത് വിദ്യാഭ്യാസത്തിന് കേരളത്തില്‍ വിവേചനം നിലനിന്നിരുന്നു. ഇതില്‍ മാറ്റമുണ്ടായി. ഇത് സുഗമമായി ഉണ്ടായതല്ലെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു. പഠനാവകാശത്തിനായി നടന്ന കണ്ടല ലഹളയുടെ ഓര്‍മ്മയ്ക്കായി ഊരുട്ടമ്പലം യു. പി സ്‌കൂളില്‍ നിര്‍മ്മിച്ച കണ്ടല ലഹള ശതാബ്ദി സ്മാരകം മുഖ്യമന്ത്രി അനാച്ഛാദ നം ചെയ്തു. ജനകീയ വിദ്യാഭ്യാസ മാര്‍ഗരേഖയുടെ പ്രകാശനവും നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ഐ. ടി @ സ്‌കൂള്‍, വിക്‌ടേഴ്‌സ്ചാനല്‍ പുതിയതായി ആരംഭിക്കുന്ന പതിനഞ്ച് വിദ്യാഭ്യാസ പരിപാടികളുടെ സംപ്രേഷണ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. അക്കാദമിക മികവിനുള്ള പിന്തുണ സാമഗ്രി പ്രകാശനം എ. സമ്പത്ത് എം. പി നിര്‍വഹിച്ചു. ഐ. ബി സതീഷ് എം. എല്‍. എ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു സ്‌കൂള്‍ ഗ്രാന്റ് വിതരണം നിര്‍വഹിച്ചു. വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ്, വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.