malayalam

വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനത്തിനും എന്‍ട്രന്‍സ് പരിശീലനത്തിനും അപേക്ഷിക്കാം

Gayathri | Friday, May 26, 2017 10:40 AM IST

സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവര്‍, പട്ടികജാതിയിലേക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വിഭാഗത്തില്‍പ്പെട്ടവര്‍-ഒ.ഇ.സി മാത്രം, (മുന്നാക്ക/പിന്നാക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാര്‍ അര്‍ഹരല്ല) എന്നിവര്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനത്തിന് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി/പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷകളില്‍ അറുപത് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോറങ്ങള്‍ അക്ഷയ കേന്ദ്രങ്ങളില്‍ ലഭിക്കും. എസ്.എസ്.എല്‍.സി ബുക്കിലെ ജനനത്തീയതി, ജാതി എന്നിവ രേഖപ്പെടുത്തിയ പേജിന്റെയും മാര്‍ക്കുകള്‍ രേഖപ്പെടുത്തിയ പേജിന്റെയും ശരിപ്പകര്‍പ്പുകള്‍/ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം അയയ്ക്കണം. സ്‌കൂളിലെ ഹെഡ്മാസ്റ്ററോ ഗസറ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തിയിരിക്കണം. സ്വന്തം മേല്‍വിലാസം എഴുതി അഞ്ച് രൂപയുടെ സ്റ്റാമ്പ് പതിച്ച കവര്‍ സഹിതം ജൂണ്‍ 30 ന് മുമ്പ് കോര്‍പ്പറേഷന്റെ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് റീജിയണല്‍ ഓഫീസുകളില്‍ ലഭിക്കണം. ഈ വിഭാഗങ്ങളില്‍പ്പെട്ട അന്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍/എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ധനസഹായവും നല്‍കും. ഉയര്‍ന്ന മാര്‍ക്ക് വാങ്ങി ആദ്യ ചാന്‍സില്‍ തന്നെ സയന്‍സ് ഗ്രൂപ്പെടുത്ത് പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായവര്‍ക്കാണ് അര്‍ഹത.