malayalam

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് പ്രവേശനം: അപേക്ഷ ക്ഷണിച്ചു

Vaishnavi | Wednesday, January 17, 2018 4:16 PM IST

പട്ടികജാതി പട്ടികവര്‍ഗ്ഗ റസിഡന്‍ഷ്യല്‍ എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ കണിയാമ്പറ്റ (പെണ്‍കുട്ടികള്‍), നല്ലൂര്‍നാട് (ആണ്‍കുട്ടികള്‍) പൂക്കോട് (ആണ്‍കുട്ടികളും പെണ്‍കുട്ടികളും) എന്നീ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് 2018-19 വര്‍ഷം പ്രവേശനം നല്‍കുന്നതിനായി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കണിയാമ്പറ്റ/നല്ലൂര്‍നാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് അഞ്ചാം ക്‌ളാസ്സിലും, പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേയ്ക്ക് ആറാം ക്‌ളാസ്സിലുമാണ് പ്രവേശനം നടത്തുന്നത്. ഇപ്പോള്‍ 4, 5 ക്‌ളാസ്സുകളില്‍ പ0ിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പ്രാക്തന ഗോത്രവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട കാട്ടുനായ്ക്കര്‍, കാടര്‍, കൊറഗര്‍, ചോലനായ്ക്കര്‍, കുറുമ്പര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിയും പ്രവേശന പരീക്ഷയും ബാധകമല്ല. നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ജാതി, വരുമാനം, ജനന തീയതി, പഠിക്കുന്ന ക്ലാസ്, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പഠിക്കുന്ന സ്ഥാപനത്തിലെ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഫെബ്രുവരി 5ന് വൈകീട്ട് 5നകം കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ഐ.റ്റി.ഡി.പി.ഓഫീസിലോ, മാനന്തവാടി/സുല്‍ത്താന്‍ബത്തേരി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസുകളിലോ, വയനാട് ജില്ലയിലെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ സമര്‍പ്പിക്കേണ്ടതാണ്. മറ്റു സമുദായങ്ങളില്‍പ്പെട്ട പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്ക് 10 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. പൂക്കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം.