higher-education

സിവിൽ സർവീസിലൂടെ എത്താം  23 സർവീസുകളിലേക്ക്  

Newsdesk | Monday, October 8, 2018 12:16 PM IST

സിവിൽ സർവീസ് എന്നാൽ ഐ.എ.എസ്സ് മാത്രമെന്നാണ് ചിലരുടെയെങ്കിലും തെറ്റുദ്ധാരണ.  എന്നാൽ ഇൻഡ്യൻ സിവിൽ സർവീസ് പരീക്ഷയിലൂടെ 23 വ്യത്യസ്ത സേവനങ്ങളിലേക്കാണ് കടക്കാൻ കഴിയുന്നത്.  ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി നടത്തുന്ന പരീക്ഷയാണിത്.  ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് എന്നിവ ഓള്‍ ഇന്‍ഡ്യ സര്‍വീസ് എന്നറിയപ്പെടുന്നു.
സിവിൽ സർവീസ് പരീക്ഷയിലൂടെ കടക്കാൻ പറ്റുന്ന മറ്റു വാതിലുകളെ പരിചയപ്പെടാം.

ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസ് (IRTS)
ഇന്ത്യന്‍ റെയില്‍വേയില്‍ ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ ചേരുവാനാഗ്രഹിക്കുന്ന സര്‍വ്വീസുകളില്‍ ഒന്നാണിത്. 21 വയസ്സിനും 25 വയസ്സിനുമിടയില്‍ ഇതില്‍ പ്രവേശിക്കുവാന്‍ കഴിഞ്ഞാല്‍ റെയില്‍വേ ബോര്‍ഡ് മെമ്പര്‍ (ട്രാഫിക്), റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ ഉന്നത തസ്തികകളില്‍ എത്തിച്ചേരാം.

ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൌണ്ട് സര്‍വീസ് (IAAS)
600 ഓഫീസര്‍മാരാണ് ഈ സര്‍വീസിലുള്ളത്. കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ ആണ് ഇതിന്‍റെ നായകന്‍. അതത് സംസ്ഥാന തലസ്ഥാനങ്ങളിലാണ് നിയമനം. ഓഡിറ്റ് ആണ് പ്രധാന ജോലിയെങ്കിലും സാമ്പത്തികമായ വിവിധ മേഖലകളിലെ പരിശീലനം ആദ്യ ഘട്ടത്തില്‍ നല്‍കും. ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റ്, കോസ്റ്റ് ആന്‍റ് മാനേജ്മെന്‍റ് അക്കൌണ്ടിങ്ങ്, പേഴ്സണല്‍ മാനേജ്മെന്‍റ്, ഇലക്ട്രോണിക്സ് ഡാറ്റാ പ്രോസസിങ്ങ് എന്നിവയില്‍ പരിശീലനം നല്‍കും.

ഇന്‍ഡ്യന്‍ റവന്യൂ സര്‍വീസ് (കസ്റ്റംസ് & സെന്‍ട്രല്‍ എക്സൈസ്)
രാജ്യത്തിനകത്ത് വ്യവഹരിക്കപ്പെടുന്ന സാധനങ്ങളുടേയും സേവനങ്ങളുടേയും നികുതി പിരിക്കുകയാണ് ഈ സര്‍വീസിലുള്ളവരുടെ പ്രഥമ കര്‍ത്തവ്യം. കസ്റ്റംസ്, സെന്‍ട്രല്‍ എക്സൈസ് എന്നിവ രണ്ട് ഡിപ്പാര്‍ട്ട്മെന്‍റാണ്. ഇത്തരം നികുതികളുടെ പരിശോധന, തുറമുഖങ്ങള്‍ ചെക്ക് പോസ്റ്റുകള്‍, വിമാനത്താവളങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള പരിശോധന, റെയ്ഢ് രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള സാധനങ്ങളുടെ പരിശോധന തുടങ്ങിയവ ഇവരാണ് നിര്‍വ്വഹിക്കുക.

ഇന്‍ഡ്യന്‍ റവന്യൂ സര്‍വീസ് (ഇന്‍കം ടാക്സ്)
അയ്യായിരത്തിനടുത്ത് ഓഫീസര്‍മാരുള്ള, എഴു പതിനായിരത്തിനടുത്ത് ജീവനക്കാരുള്ള ഇന്‍കം ടാക്സ് വകുപ്പാണ് ഇന്‍ഡ്യയില്‍ പ്രത്യക്ഷ നികുതി പിരിക്കുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) ആണ് അതോറിറ്റി. അര്‍ദ്ധ ജുഡീഷ്യല്‍ വിഭാഗമാണിത്. വിദേശ രാജ്യങ്ങളിലയച്ച് കൊണ്ടുള്ളതുള്‍പ്പെടെ ഏറ്റവും മികച്ച പരിശീലനവും വെല്ലുവിളി ഉയര്‍ത്തുന്ന ജോലിയുമാണ് ഈ സര്‍വീസിന്‍റെ പ്രത്യേകത.

ഐ പി എസ് (ഇന്‍ഡ്യന്‍ പോലീസ് സര്‍വീസ്)
ജില്ലയുടെ ക്രമ സമാധാനച്ചുമതലയുള്ള പോലീസ് എന്നായിരിക്കും സാധാരണ നമ്മള്‍ ഐ പി എസ് കാരെ ഓര്‍ക്കാറ്. എന്നാല്‍ സൈബര്‍സെല്‍, ക്രൈം ബ്രാഞ്ച്, സി ഐ ഡി അഥവാ കുറ്റാന്വേഷണ വകുപ്പ്, റോ, ട്രാഫിക് ബ്യൂറോ എന്നിങ്ങനെ വിവിധ നിലകളില്‌‍ ശോഭിക്കുവാന്‍ കഴിയുന്ന സര്‍വ്വീസാണിത്. ഇന്‍റലിജന്‍സ് ബ്യൂറോ, സി ആര്‍ പി എഫ്, ക്യാബിനറ്റ് സെക്രട്ടറിയേറ്റ് സുരക്ഷാ വിഭാഗം, ബി എസ് എഫ് എന്നിവയുടെയൊക്കെ തലവന്‍മാര്‍ ഐ പ് എസുകാരാണ്.

ഇന്‍ഡ്യന്‍ ഫോറിന്‍ സര്‍വീസ് (ഐ എഫ് എസ്)
അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ ശബ്ദമായി അരിയപ്പെടുവാനാഗ്രഹിക്കുന്നവര്‍ തിരഞ്ഞെടുക്കുന്നതാണ് ഇന്‍ഡ്യന്‍ ഫോറിന്‍ സര്‍വീസ്. രാജ്യത്തിന്‍റെ വിദേശ കാര്യ നയം രൂപീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ പ്രാഥമിക ദൌത്യം. കൂടാതെ വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകള്‍ ഏകോപിപ്പിക്കുന്നതും ഇവരുടെ നേതൃത്വത്തിലാണ്. സാസേകാരികം, വാണിജ്യം, സൈനീകം എന്നീ മേഖലകളില്‍ അത് വ്യാപിച്ച് കിടക്കും.

ഐ എ എസ് (ഇന്‍ഡ്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്)

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് വരുന്നവര്‍ സാധാരണയായി ഐ എ എസ് എന്ന ഇന്‍ഡ്യന്‍ ഭരണ സര്‍വീസ് ആണ് തിരഞ്ഞെടുക്കാറ്. മസൂറിയിലാണ് ഇവരുടെ പരിശീലനം നടക്കുക. സബ് കളക്ടറ്‍മാരായിട്ടാണ് ജൂനിയറായിട്ടുള്ള ഐ എ എസ് കാര്‍ക്ക് നിയമനം ലഭിക്കുക. ഡിസ്ട്രിക് കളക്ടര്‍/ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ വരുന്ന ഇവരാണ് ലോ ആന്‍ഡ് ഓര്‍ഡര്‍, ദുരന്ത നിവാരണം, റവന്യൂ തര്‍ക്കങ്ങള്‍ എന്നിവയടക്കം ഒരു ജില്ലയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്.

ആംഡ് ഫോഴ്സ് ഹെഡ് ക്വാർട്ടേഴ്സ് സിവില്‍‌‍ സർവീസ് സെക്ഷന്‍ ഓഫീസർ
ഇത് ഒരു ഗ്രൂപ്പ് എ സർവീസ് അല്ല. പ്രതിരോധ വകുപ്പിന് കീഴിലുള്ള ഈ സർവീസിലുള്ളവർ കര നാവിക വ്യോമ സേനകളുടെ കേന്ദ്രീകൃത ആസ്ഥാനമായ ന്യൂഡല്‍ഹിയാവും ജോലി നോക്കുക. സെക്ഷന്‍ ഓഫീസർ തസ്തികയില്‍ നിന്നും നാലു വർഷത്തിന് ശേഷം ആദ്യ പ്രൊമോഷനും ആറു വർഷത്തിന് ശേഷം ഡപ്യൂട്ടി ഡയറക്ടർ പോസ്റ്റിലേക്കും ഉയർത്തപ്പെടും.

ഇന്ത്യന്‍ ട്രേഡ് സർവീസ് (ITS)
ആകെ സർവീസുകളുടെ എണ്ണം ഇരുനൂറിനകത്ത് വരുന്ന ചെറിയ സർവീസുകളിലൊന്നാണിത്. ഗ്രൂപ്പ് എ സർവീസ് ആണിത്. ഡയറക്ടർ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ആണ് കേഡർ നിയന്ത്രണ അതോറിറ്റി. സ്പെഷ്യല്‍ ഇക്കണോമിക് സോണിലെ ഡവലപ്മെന്‍റ് കമ്മീഷണർമാർ ഈ കേഡറില്‍ നിന്നുള്ളവരാണ്. ഇവരുടെ ട്രെയിനിങ്ങ് ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡില്‍ ആണ് നടക്കുക.

അസിസ്റ്റന്‍റ് സെക്യൂരിറ്റി കമ്മീഷണർ - ഇന്ത്യന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (IRPF)
ഇന്ത്യന്‍ റെയില്‍വേയിലെ ഏക യൂണിഫോം സർവീസാണിത്. ഐ പി എസിനോട് സാമ്യമുള്ള ട്രെയിനിങ്ങ് ഇവർക്ക് ലഭിക്കും. എന്നാല്‍ റെയില്‍വേ ക്രിമിനല്‍ കേസുകള്‍ അന്വേഷിക്കുന്നത് ഇവരല്ല മറിച്ച് റെയില്‍വേയില്‍ പ്രത്യേക വിഭാഗമായി ജോലി ചെയ്യുന്ന അതാത് സംസ്ഥാന പോലീസ് വിഭാഗമാണ്. റെയില്‍വേയുടെ വസ്തു വകകള്‍, ട്രെയിന്‍ സുരക്ഷിതത്വം, റെയില്‍വേ അധികാരികളുടെ സുരക്ഷ എന്നിവയും യാത്രക്കാരുടെ സംരക്ഷണവുമാണ് ഇവരുടെ പ്രധാന ചുമതലകള്‍ .

ഇന്ത്യന്‍ ഡിഫന്‍സ് എസ്റ്റേറ്റ് സർവീസ് (IDES)
പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ വരുന്ന സർവീസാണിത്. വളരെ ചെറിയ കേഡർ സംവിധാനങ്ങളുള്ള സർവ്വീസാണിത്. ഡയറക്ടർ ജനറല്‍ (ഡിഫന്‍സ് എസ്റ്റേറ്റ്) ആണ് ഏറ്റവും ഉയർന്ന പദവികളിലൊന്ന്. പ്രതിരോധ വകുപ്പിന് കീഴിലുള്ള ഭൂമി, അവയുടെ വിനിമയങ്ങള്‍, ഉടമസ്ഥത, കന്‍റോണ്‍മെന്‍റുകളുടെ സുഗമമായ നടത്തിപ്പ്, ആർമി സ്കൂള്‍, ആശുപത്രികള്‍, റോഡുകള്‍ എന്നിവയുടെ മേല്‍നോട്ടം എന്നിവയെല്ലാം ഈ സർവീസില്‍ വരുന്നു.

ഇന്ത്യന്‍ ഓർഡിനന്‍സ് ഫാക്ടറി സർവീസ് (IOFS)
പ്രതിരോധ വകുപ്പിന് കീഴിലുള്ള സിവിലിയന്‍ ഓഫീസർ സർവീസ് ആണിത്. ഇന്ത്യന്‍ പ്രതിരോധ മേഖലക്ക് വേണ്ടുന്ന ആയുധങ്ങള്‍ നിർമ്മിച്ച് കൊടുക്കുന്ന ഓർഡിനന്‍സ് ഫാക്ടറികളിലാണ് ഇവർ നിയമിക്കപ്പെടുക. എഞ്ചിനിയറിങ്ങ് വിഭാഗവും ഭരണ വിഭാഗവുമായി രണ്ടായിരത്തിലധികം ഓഫീസര്‍മാരുള്ള സർവീസുകളില്‍ ഒന്നാണിത്.

ഇന്ത്യന്‍ പോസ്റ്റല്‍ സർവീസ് (IPoS)
അഞ്ഞൂറിലധികം ഓഫീസര്‍മാരുള്ള സര്‍വ്വീസാണിത്. ഇരുപതിലധികം സർക്കിളുകളായി പോസ്റ്റല്‍ യൂണിറ്റുകളെ തിരിച്ചിരിക്കുന്നു. ഓരോ സർക്കിളിലും മേല്‍ നോട്ടം വഹിക്കുക ചീഫ് പോസ്റ്റ് മാസ്റ്റർ ജനറല്‍ ആയിരിക്കും. ഓരോ റീജിയണുകളും പോസ്റ്റ് മാസ്റ്റർ ജനറല്‍ ആവും നിയന്ത്രിക്കുക. ഈ സർവീസിന് അകത്തുള്ളവർ തന്നെയാണ് റെയില്‍ വേ മെയില്‍ സർവീസും ആർമി പോസ്റ്റല്‍ സർവീസും നിയന്ത്രിക്കുക.

ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോ സര്‍വീസ് (ICLS)
മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്സിന് കിഴിലുള്ള ഈ സര്‍വ്വീസ് കമ്പനി നിയമത്തെ അധികരിച്ചുള്ള ഭരണം നടത്തുന്നു. ഇവരുടെ ട്രെയിനിങ്ങ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്സില്‍ നടക്കും. കമ്പനി ലോ ബോര്‍ഡ് ഈ സര്‍വീസിലുള്ളവര്‍ എത്തിച്ചേരുന്ന മേഖലകളില്‍ ഒന്നാണ്. രാജ്യത്തുള്ള ഏഴ് റീജിയണുകളില്‍ ആദ്യം നിയമിക്കപ്പെടുന്ന ഇവര്‍ റീജിയണല്‍ ഡയറക്ടര്‍ എന്ന പോസ്റ്റില്‍ എത്തുന്നു. സീരിയ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (SFIO), രജിസ്ട്രാര്‍ ഓഫ് കമ്പനീസ് എന്നിവിടങ്ങലിലെ പോസ്റ്റുകളില്‍ ഇവർ എത്തിച്ചേരും.

ഇന്ത്യന്‍ റെയില്‍വേ പേഴ്സണല്‍ സര്‍വീസ് (IRPS)
റെയില്‍വേയിലെ ജീവനക്കാരുടെ ക്ഷേമം, അവരുടെ നിയമനം, റിട്ടയര്‍മെന്‍റ്, ട്രെയിനിങ്ങ്, റിട്ടയര്‍മെന്‍റ് എന്നിവ നോക്കുകയും ദൈനം ദിന മാനവ വിഭവ ശേഷി നടത്തിപ്പുമാണ് ഇവരുടെ പ്രധാന ചുമതല.

ഇന്ത്യന്‍ പോസ്റ്റല്‍ & ടെലഗ്രാഫ് അക്കൌണ്ട്സ് & ഫിനാന്‍സ് സര്‍വീസ് (IP & TAFS)
ടെലികോം വകുപ്പില്‍, പോസ്റ്റല്‍ വകുപ്പ് എന്നിവയുടെ ഫിനാന്‍സ് ആന്‍ഡ് അക്കൌണ്ടിങ്ങ് വിഭാഗമാണിത്. ഇന്ത്യയില്‍ എവിടേയും നിയമിക്കാപ്പെടാമെങ്കിലും തലസ്ഥാന നഗരങ്ങളിലാണ് നിയമനം ഉണ്ടാവുക. ഫൌണ്ടേഷന്‍ കോഴ്സിന് ശേഷം ഫരീദാബാദിലുള്ള NIFM, ന്യൂഡല്‍ഹിയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഫിനാന്‍സ് എന്നിവിടങ്ങളില്‍ പ്രൊബേഷന്‍ ട്രെയിനിങ്ങ് നടക്കും. ടെലികോം കമ്പനികള്‍ക്ക് സ്പെക്ട്രം യൂസർ ഫീ, ലൈസന്‍സ് ഫീ എന്നിവ ചുമത്തുന്നത് ഈ വകുപ്പാണ്. സ്പെക്ട്രം ലേലം നടത്തുക, ടെലകോം നയ രൂപീകരണം, ഓഡിറ്റ്, ടെലകോം വകുപ്പ്, ബി എസ് എന്‍ എല്‍, എം ടി എന്‍ എല്‍ തുടങ്ങിയ പൊതു മേഖലാ സ്ഥാപനങ്ങളുടെ ധനകാര്യ നടത്തിപ്പ് എന്നിവയും ഇതിന്‍റെ ചുമതലയാണ്. എ ഡി ബി, ലോക ബാങ്ക് എന്നിവിടങ്ങളില്‍ ഈ സര്‍വീസിലുള്ളവര്‍ക്ക് ഡെപ്യൂട്ടേഷനില്‍ പോകാം.

ഇന്ത്യന്‍ സിവില്‍ അക്കൌണ്ട്സ് സര്‍വ്വീസ് (ICAS)
ഗവണ്‍മെന്‍റ് അക്കൌണ്ടുകള്‍ക്ക് മേല്‍നോട്ടം നല്‍കുക, നികുതി പിരിച്ചെടുക്കുന്നതിന് ഗവണ്‍മെന്‍റിന് അവശ്യ സഹായങ്ങള്‍ നല്‍കുക, കേന്ദ്ര സര്‍ക്കാര്‍ സിവില്‍ വകുപ്പുകളില്‍ കേന്ദ്രീകൃത ഓഡിറ്റ് നടത്തുക, എല്ലാ സിവില്‍ വകുപ്പുകളിലേയും പെന്‍ഷന്‍ വിതരണം, ഗവണ്‍മെന്‍റിന് വേണ്ടി വിവിധ സേവനങ്ങള്‍ക്ക് പണം നല്‍കുക എന്നിവയാണ് പ്രധാന ചുമതലകള്‍.

ഡല്ഹി, ആന്ഡ‍മാന്‍ & നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്, ദാമന്‍ ദിയു & നഗര്‍ ഹവേലി സിവില്‍ സര്‍വീസ് (DANICS)
കേന്ദ്ര ആഭ്യന്തര മന്താലയത്തിന് കീഴിലുള്ള സിവില്‍ സര്‍വീസ് ആണിത്. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഐ എ സിന് തുല്യമായ ഗ്രൂപ്പ് ബി സര്‍വീസുകളിലൊന്ന്. ഡല്ഹി, ആന്ഡമാന്‍ & നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്, ദാമന്‍ ദിയു & നഗര്‍ എന്നിവിടങ്ങളിലെ ദൈനം ദിന ഭരണമാണ് പ്രധാന ചുമതല.

ഇന്ത്യന്‍ ഡിഫന്സ് അക്കൌണ്ട് സര്‍വ്വീസ് (IRAS)
ഇന്ത്യന്‍ ഗവണ്മെന്റി്ന് കീഴിലുള്ള ഏറ്റവും പഴയ സര്വ്വീസുകളിലൊന്നാണിത്. പ്രതിരോധ വകുപ്പിന് കീഴിലുള്ള സിവിലിയന്‍ ഓഫീസര്‍ സര്വ്വീ്സ് ആണിത്. പ്രതിരോധ ബജറ്റ് കൈകാര്യം ചെയ്യുന്നത് ഈ വിഭാഗമാണ്. ഇത് കൂടാതെ പ്രതിരോധ വകുപ്പിലെ അക്കൌണ്ട്സ് വിഭാഗം നിയന്ത്രിക്കുക, ആയുധ ഇടപാടുകളില്‍‌ സാമ്പത്തികാവലോകനം നടത്തുക തുടങ്ങിയ ചുമതലകളുമുണ്ട്.

ഡല്‍ഹി, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാർ, ലക്ഷദ്വീപ്, ദാമന്‍ ദിയു & ദാദ്ര, നഗർ ഹവേലി പോലീസ് സർവീസ്: ഗ്രൂപ്പ് ബി DANIPS
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സിവില്‍ സർവീസ് ആണിത്. മേല്‍പ്പറഞ്ഞ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഐ പി എസിന് തുല്യമായ ഗ്രൂപ്പ് ബി പദവികളില്‍ ഒന്നാണിത്. ഈ പ്രദേശങ്ങളിലെ ക്രമ സമാധാന നിയമനാണ് പ്രധാന ചുമതല.