higher-education

നീറ്റ് യോഗ്യത നേടാത്തവർക്കും ആയുർവേദ കോഴ്സുകളിൽ പ്രവേശിക്കാം 

Newsdesk | Friday, October 26, 2018 11:44 AM IST

ബെംഗളൂരു: ആയുർവേദ കോഴ്‌സുകളിൽ  നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ്‌ ടെസ്റ്റ്‌) പരീക്ഷയിൽ യോഗ്യത ലഭിക്കാത്തവർക്കും പ്രവേശനം നൽകാൻ കർണാടക സർക്കാർ തീരുമാനം. കോഴ്‌സിൽ ചേരാൻ വിദ്യാർഥികൾ കുറഞ്ഞതാണ് കാരണം. ഒഴിവുള്ള സീറ്റുകളിൽ ഇവർക്കു പ്രവേശനം നൽകും.

 സർക്കാർതീരുമാനം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. ആയുർവേദ, യോഗ, നാച്വറോപ്പതി, യുനാനി, സിദ്ധ തുടങ്ങി ആയുഷ് കോഴ്‌സുകളിൽ നീറ്റ് യോഗ്യതയില്ലാത്തവർക്കും പ്രവേശനം നേടാം. സ്വകാര്യ ആയുർവേദകോളേജുകളിലെ സർക്കാർ ക്വാട്ടയിലെ സീറ്റുകളിലേക്ക് പ്രവേശം പൂർത്തിയായെങ്കിലും മാനേജ്‌മെന്റ് ക്വാട്ടയിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. വിവിധ ആയുർവേദ കോഴ്‌സുകളിലായി സർക്കാർ ക്വാട്ടയിൽ 1577 സീറ്റുകളാണുള്ളത്. മാനേജ്‌മെന്റ് ക്വാട്ടയിൽ 70 ശതമാനം സീറ്റുകളിലേക്ക് മാത്രമാണ് പ്രവേശനം നടന്നത്. ഒക്ടോബർ 31-നകം ആയുഷ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം പൂർത്തിയാക്കണമെന്ന് കർണാടക ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷം നീറ്റ് യോഗ്യത നേടിയവർക്ക് മാത്രമാണ് ആയുഷ് കോഴ്‌സുകളിൽ പ്രവേശനം നൽകിയിരുന്നത്. എന്നാൽ, ഹൈക്കോടതി നിർദേശത്തെത്തുടർന്ന് നീറ്റ് യോഗ്യതയില്ലാത്തവർക്കും പ്രവേശനം നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.നീറ്റ് യോഗ്യതയില്ലാത്തവർക്ക് അടിസ്ഥാനയോഗ്യതാപരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാവും പ്രവേശനം.